ലോക്ക്ഡൗൺ ലംഘിച്ച വിവരം പൊലീസിൽ അറിയിച്ച പെൺകുട്ടിക്ക് ഭീഷണി. സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ

കാസർകോട് നഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗൺ നിർദേശ ലംഘനം അധികൃതരെ അറിയിച്ചതിന്റെ വിരോധത്തിൽ നഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ കേസിലാണ് നാട്ടുകാരായ ഏഴു പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബേക്കൽ തമ്പുരാൻ വളപ്പ് സ്വദേശിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ പരാതിയിലാണ് നടപടി. നാട്ടുകാരായ രാജൻ, സുമേഷ്, സുഹേഷ്, അഭീഷ്, ഹരി, കൃപേഷ് ഹരി.വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ ലംഘിച്ച് കൂട്ടം കൂടി നിൽക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തവരോട് ഇത് പാടില്ലെന്നായിരുന്നു ആദ്യ ദിവസം യുവതി അഭ്യർഥിച്ചത്. എന്നാൽ തുടർ ദിവസങ്ങളിലും ആവർത്തിച്ചതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി കളിക്കാരെ വിരട്ടിയോടിച്ചെങ്കിലും പിന്നീടുള്ള നാല് ദിവസം ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.

കഴിഞ്ഞ ദിവസമാണ് ബേക്കൽ പൊലീസിൽ പരാതി നൽകിയത്. പരിചയമുള്ള നാട്ടുകാരായ 7 പേർക്കെതിരെയായിരുന്നു പരാതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിനു തന്നെ ഭീഷണിപ്പെടുത്തിയവർ ഉത്തരവാദി ആയിരിക്കുമെന്ന് യുവതി നവമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.