ലോക്ക് ഡൌൺ: കേരളത്തെ ഇങ്ങനെ 4 മേഖലകളാക്കി.. ഓരോ മേഖലകൾക്കുമുള്ള ഇളവുകൾ ഇപ്രകാരം..

കൊവിഡ് പഞ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സർക്കാർ. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയിൽ ഒരേ തരം ജില്ലകളെ ഓരോ മേഖലയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സർക്കാർ അറിയിച്ചു.

മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളാണ് ആദ്യ മേഖലയിൽ. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകൾ രണ്ടാം മേഖലയിലും, മൂന്നാം മേഖലയിൽ ആലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളും നാലാം മേഖലയിൽ കോട്ടയവും, ഇടുക്കിയും ഉൾപ്പെടും.

മലപ്പുറം, കാസർകോട് കണ്ണൂർ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകൾ അതിതീവ്ര മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കർശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകൾ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണിൽ ഇളവുകൾ 24 ന് ശേഷമാകും ഉണ്ടാവുക.

ആലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു.

അതേസമയം, കയർ, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉൾപ്പെടെയുള്ള മേഖലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്. ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാൻ അനുമതി നൽകും.

Leave a Comment