ലോക് ഡൌൺ ഇളവുകൾ: കേരളത്തിന് എതിരെ കേന്ദ്ര സർക്കാർ

കേരളം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍  കേരളത്തിന് നോട്ടീസ് അയച്ചു. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും  തുറന്നുപ്രവര്‍ത്തിക്കാന്‍  അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍. 

സംഭവത്തില്‍  മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം  ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്തില്‍ സംസ്ഥാനം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്‌.

2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന്‌ ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാര്‍ഗ രേഖ. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തില്‍ വെള്ളംചേര്‍ത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ  അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.