വയറിൽ അൾസർ ഉണ്ടാകുന്നത് എങ്ങനെ ? ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? അറിയണേ ഈ കാര്യങ്ങൾ..

ആമാശയത്തില്‍ മ്യൂക്കോസ എന്നാരു ആവരണമുണ്ട്. മ്യൂക്കോസ രണ്ടുതരം ക്ഷാരഗുണമുള്ള പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഇതിന് യഥാക്രമം മ്യൂക്കസ് എന്നും ബൈ കാര്‍ബണേറ്റ് എന്നും പറയുന്നു. ഈ പദാര്‍ഥങ്ങള്‍ ആമാശയത്തിലെ ആസിഡ് അഥവാ ഹെഡ്രോ ക്ലോറിക് ആസിഡിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു. ഈ മ്യൂക്കോസയില്‍ ഉണ്ടാകുന്ന പദാര്‍ഥങ്ങളുടെ ഉത്പാദനക്കുറവോ കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോള്‍ കുടലില്‍ വിള്ളല്‍ അഥവാ അള്‍സര്‍ ഉണ്ടാകുന്നു.

അള്‍സറിനെ രണ്ടായി തിരിക്കാം- ഗ്യാസ്ട്രിക് അള്‍സര്‍ അഥവാ ആമാശയത്തിലെ അള്‍സര്‍, രണ്ടാമത് ഡൂവോഡിനല്‍ അഥവാ ചെറുകുടലിന്റെ ആദ്യ ഭാഗത്തുണ്ടാകുന്ന അള്‍സര്‍, ഡൂവോഡിനല്‍ അള്‍സറാണ് കൂടുതലായും കാണപ്പെടുന്നത്. ഡൂവോഡിനല്‍ അള്‍സര്‍ 20 ശതമാനവും പരമ്പരാഗതമായി കാണപ്പെടുന്നുണ്ട്. ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് ഡൂവോഡിനല്‍ അള്‍സര്‍ കൂടുതലായി കണ്ടുവരുന്നു. 

പ്രധാനമായും അള്‍സര്‍ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടര്‍ പൈലോറി (എച്ച്. പൈലോറി)എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ് (ഏകദേശം 60 ശതമാനം) തുടര്‍ച്ചയായ വേദന സംഹാരി ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, അമിതമായ മുളക്, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് അള്‍സറിന് കാരണമായി കണ്ടു വരാറുള്ളത്.

വയറിലെ അള്‍സറിന് നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. ലക്ഷണങ്ങളുടെ കാഠിന്യം അള്‍സറിന്റെ കാഠിന്യത്തെ ആശ്രയിച്ചിരിക്കുന്നു. വയറിന്റെ മേല്‍ഭാഗത്ത് വേദന, എരിച്ചില്‍, ഛര്‍ദി, വയര്‍ വീര്‍ക്കല്‍, ദഹനക്കുറവ്, അപൂര്‍വമായി രക്തം ഛര്‍ദിക്കല്‍, കറുപ്പ് നിറത്തില്‍ വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. ഇതില്‍ ബ്ലീഡിങ്, രക്തക്കുറവ്, തുക്കം കുറയല്‍, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛര്‍ദി എന്നിവ അപകടകരമായ ലക്ഷണങ്ങള്‍ എന്ന് പറയുന്നു. ഈ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങേണ്ടതാണ്. ആമാശയത്തിലെ അള്‍സര്‍ ഭക്ഷണം കഴിച്ചാല്‍ കൂടാനും ചെറുകുടലിലെ അള്‍സര്‍ ഭക്ഷണശേഷം കുറയുന്നതായും കാണാം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും ആമാശയ കാന്‍സറുള്ളവര്‍ക്കും ശ്രദ്ധിക്കാം.