വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് കോവിഡ്–19 എന്നു സംശയം. ചികിത്സിച്ച ഡോക്ടര്‍മാര്‍ അവധിയില്‍. ജാഗ്രതയോടെ ആശുപത്രി

ഇന്നലെ പുനലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് കോവിഡ്–19 എന്നു സംശയം. ഇന്നലെ ഇയാൾ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സിച്ചിരുന്നു. ചികിൽസ നൽകിയതിനുശേഷമാണ് ഇയാൾ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നെന്നു ഡോക്ടർമാർ മനസ്സിലാക്കിയത്. തുടർന്നു കോവിഡ് നീരീക്ഷണ വാർഡിലേക്കു മാറ്റി. ഇയാളുടെ ഭാര്യയും കുട്ടിയും ഇപ്പോൾ നിരീക്ഷണത്തിലാണ്. അപകടത്തിൽ ഇയാളുടെ കുട്ടിക്കും പരുക്കേറ്റിരുന്നു.

കൊറോണ ബാധയുണ്ടെന്നു അറിയാതെ ഇയാളെ ചികിൽസിച്ച ഡോക്ടർമാരും ആശുപതി സ്റ്റാഫുകളുമാണ് ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. അപകടത്തിൽപ്പെട്ട ആളുമായി സമ്പർക്കത്തിലായ ഡോക്ടർമാർ, , ആശുപത്രിയിലെ മറ്റു ജീവനക്കാർ, മെഡിക്കൽ സ്റ്റാഫ്, ആംബുലൻസിന്റെ ഡ്രൈവർ തുടങ്ങിയവർ ഇപ്പോൾ നീരീക്ഷണത്തിലാണ്.

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സൗദി അറേബ്യയിൽ നിന്നുള്ള യുവാവ് വാഹനത്തിൽ പുറത്തു ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഇയാളെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ശസ്ത്രക്രിയാ വിഭാഗത്തിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഇയാൾ സൗദിയിൽ നിന്ന് നാട്ടിൽ എത്തി കോവിഡ് നിരീക്ഷണത്തിൽ ആയിരുന്നെന്ന് പിന്നീടാണ് ഡോക്ടർമാർ ഇയാളുടെ ബന്ധു മുഖാന്തരം അറിയുന്നത്. തുടർന്നാണ് ഇയാളെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്