വീട് ഇല്ലാത്തവർക്ക് ലൈഫ്-PMAY പദ്ധതിയിൽ ചേരാം.. കൂടുതൽ വിവരങ്ങൾ അറിയാം..

കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക. കേന്ദ്ര-സംസ്ഥാന സർക്കാർ  ലൈഫ്-PMAY പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തത് ഈ ലക്ഷ്യമാണ്. വിവിധ പദ്ധതികളിലായി പൂർത്തിയാക്കപ്പെടാതിരുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കലായിരുന്നു ലൈഫിന്റെ ആദ്യഘട്ടം. ഇത്തരത്തിലുള്ള 54,098 വീടുകൾ ഉണ്ടായിരുന്നു സംസ്ഥാനത്ത്. ആയിരം ദിനങ്ങൾക്കുള്ളിൽ 50,144 കുടുംബങ്ങൾക്ക് അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. അടച്ചുറപ്പുള്ള വീടുകള്‍ ‘ ലൈഫ് ‘ പദ്ധതിയിലൂടെ ഈ കുടുംബങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനായി.

വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കലാണ് ലൈഫിന്റെ രണ്ടാം ഘട്ടം. ഇത്തരത്തിലുലുള്ള 1,84, 255 ഗുണഭോക്താക്കളെ സര്‍വ്വെയിലൂടെ കണ്ടെത്തി. . സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് വീട് നിര്‍മ്മാണത്തിന് ധനസഹായം നല്‍കുകയായിരുന്നു ലക്ഷ്യം. ഇതിൽ 83,688 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. നാലു ലക്ഷം രൂപ ധനസഹായമാണ് വീട് നിർമ്മാണത്തിന് ലഭിക്കുക. ലൈഫ് മിഷൻ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലുമായി 1,28,101 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ലൈഫിന്റെ മൂന്നാം ഘട്ടവും ആരംഭിച്ചു കഴിഞ്ഞു. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾക്കുള്ള ഭവന സമുച്ഛയ നിർമ്മാണമാണ് മൂന്നാം ഘട്ടം. ഇടുക്കി അടിമാലിയിൽ 217 കുടുംബങ്ങൾക്കുള്ള ഭവന സമുച്ഛയം കൈമാറി തുടങ്ങി. എല്ലാ ജില്ലകളിലും ഭവന സമുച്ഛയ നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളും ഭൂമി കണ്ടെത്തുന്നുമുണ്ട്. ഭൂമി കണ്ടെത്തിയ ഇടങ്ങളില്‍ സമയബന്ധിതമായി ഭവനസമുച്ചയങ്ങള്‍ പണിയും.

ലൈഫ് പദ്ധതി നടപ്പാക്കാന്‍ സാമ്പത്തികം തടസമാകാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഹഡ്കോയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വായ്പ ലഭ്യമാക്കി. നാലായിരം കോടി രൂപയാണ് ഹഡ്കോയില്‍ നിന്നും വായ്പ ലഭ്യമാക്കിയത്.

Leave a Comment