വെരിക്കോസ് വെയിനിന് ഏറ്റവും ഫലപ്രദമായ ചികിത്സയെകുറിച്ചാണ് ഇവിടെ പറയുന്നത്. തീർച്ചയായും ഇത് വായിക്കാതെ പോകരുത്

ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിന്‍. ചര്‍മത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോള്‍ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീര്‍ത്തഭാഗം പൊട്ടി വ്രണങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍

  • ഞരമ്പുകള്‍ തടിച്ച് ചുരുളും.
  • രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് നീലയോ മുന്തിരിനിറമോ ആകും. ആദ്യഘട്ടത്തില്‍ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല.
  • കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം.
  • രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക.
  • കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക
  • കണങ്കാലിന്റെ ഭാഗം നീരുവന്ന് വീര്‍ക്കുക.
  • വെരിക്കോസ് വെയിനുള്ള ഭാഗത്ത് കരിവാളിപ്പും പുകച്ചിലും
  • സാധാരണ ചികിത്സകൊണ്ട് കരിയാത്ത വേദനയുള്ള വ്രണങ്ങള്‍ ഉണ്ടാവുക

പരിശോധനകള്‍

വെരിക്കോസ് വെയിന്‍ കൂടുതല്‍ കാലം നീണ്ടുനിന്നാല്‍ തൊലിപ്പുറത്ത് പാടുണ്ടാകും. അതു മാറ്റാന്‍ സാധിക്കില്ല. അതിനാല്‍ നേരത്തേതന്നെ ചികിത്സ തേടണം. കാലാവസ്ഥയുമായി ഇതിനു ബന്ധമില്ല. ഓരോ വീട്ടിലെയും തൊഴിലെടുക്കുന്ന അംഗത്തെയാണ് രോഗം ബാധിക്കുന്നതെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില തകരാറിലാകാം. വീനസ് ഡോപ്ലാര്‍ സ്‌കാനിങ്, വീനോഗ്രഫി, സി.ടി.വീനോഗ്രാം, എം.ആര്‍.വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകള്‍.

ചികിത്സകള്‍

വെരിക്കോസ് വെയിന്‍ രോഗികളില്‍ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും കംപ്രഷന്‍ സ്റ്റോക്കിങ്സ് ചികിത്സ ഉപയോഗിക്കാറുണ്ട്. ആധുനിക കംപ്രഷന്‍ സ്റ്റോക്കിങ് കാലുകളില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം ലഭിക്കത്തക്കവിധം നിര്‍മിക്കപ്പെട്ടതാണ്. കണങ്കാല്‍ ഭാഗത്ത് ഏല്‍ക്കുന്ന സമ്മര്‍ദ്ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കും.

ശസ്ത്രക്രിയയില്‍, രോഗം ബാധിച്ച സിര മുറിച്ചുനീക്കുകയോ അതിലേക്ക് രക്തമെത്തുന്ന മാര്‍ഗം അടയ്ക്കുകയോ ആണ് ചെയ്യുക. രോഗബാധയുള്ള സിര മുറിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്ന വെയിന്‍ സ്ട്രിപ്പിങ്, ഫ്‌ളബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകള്‍.

ഇന്‍ജെക്ഷന്‍ സ്‌ക്ലീറോ തെറാപ്പി

വെരിക്കോസ് വെയിനിന് ശസ്ത്രക്രിയയ്ക്കു പകരം ആധുനിക ചികിത്സാരീതികള്‍ പലതുണ്ട്. സിരകളിലേക്ക് മരുന്നുകള്‍ കുത്തിവച്ച്, രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളെ നശിപ്പിക്കുകയും അകത്തുള്ള രക്തം കട്ടിയാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്‍ജെക്ഷന്‍ സ്‌ക്‌ളീറോതെറാപ്പി. ക്രമേണ ഈ സിരകള്‍ നശിച്ചുപോകും. ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ചികിത്സയാണിത്.

ആര്‍.എഫ്.തെറാപ്പി

ശസ്ത്രക്രിയ ഒഴിവാക്കി അവലംബിക്കാവുന്ന രണ്ട് അധുനിക ചികിത്സാരീതികളാണ് ആര്‍.എഫ്.തെറാപ്പിയും(റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍) ലേസര്‍ ചികിത്സയും. രോഗം ബാധിച്ച സിരകളെ കരിച്ചുകളയുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യത്തേതില്‍ റേഡിയോ തരംഗങ്ങളും രണ്ടാമത്തേതില്‍ ലേസര്‍ രശ്മികളുമാണ് ഉപയോഗിക്കുന്നത്. ഇതിനു റേഡിയേഷനുമായി ബന്ധമൊന്നുമില്ല. ഇവ ചെയ്താല്‍ രോഗം വീണ്ടും വരാന്‍ സാധ്യത കുറവാണ്. വലിയ അനസ്‌തേഷ്യയും വിശ്രമവും ആവശ്യമില്ല. പിറ്റേന്നുമുതല്‍ ചെറിയ ജോലികള്‍ ചെയ്തുതുടങ്ങാം.

ഇന്‍ജക്ഷന്‍ ഗ്ലൂ തെറാപ്പി

ആധുനിക ചികിത്സാരീതികളില്‍ ഏറ്റവും പുതിയതാണ് ഇന്‍ജക്ഷന്‍ ഗ്‌ളൂ തെറാപ്പി. ചെലവേറിയ ചികിത്സയാണ്. അനസ്തേഷ്യ ആവശ്യമില്ല. മലിനരക്തം കെട്ടിനില്‍ക്കുന്ന സിരയെ മെഡിക്കല്‍ ഗ്‌ളൂ ഉപയോഗിച്ച് ഒട്ടിക്കുന്നതാണ് ഈ രീതി. ഇങ്ങനെ അടഞ്ഞുപോകുന്ന സിരയ്ക്കകത്തെ രക്തം കട്ടപിടിക്കുകയും ക്രമേണ സിര ദ്രവിച്ചുപോവുകയും ചെയ്യും.

കടപ്പാട്: ഡോ. ഇ.പി കൃഷ്ണന്‍ നമ്പൂതിരി