ശാസ്ത്ര നേട്ടം: കൊറോണ വൈറസിന്റെ ജനിതകഘടന റഷ്യ കണ്ടെത്തി ചിത്രം പുറത്ത്.. കൂടുതൽ വിവരങ്ങൾ

കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടു. 

സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കോവിഡ് 19 രോഗിയില്‍നിന്നെടുത്ത സാമ്പിള്‍ ഉപയോഗിച്ച് SARS-CoV-2 കൊറോണവൈറസിന്റെ പൂര്‍ണമായ ജനിതകഘടന ആദ്യമായി കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വൈറസിന്റെ ജനിതക പഠനം വൈറസിന്റെ പരിണാമത്തെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഗവേഷകരെ സഹായിക്കുമെന്നും സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സ തലവന്‍ ദിമിത്രി ലിയോസ്‌നോവ് പറഞ്ഞു.

പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്. പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനും രോഗത്തിനെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്താനും ഈ അറിവ് സഹായിക്കും, അദ്ദേഹം പറഞ്ഞു.

നോവോസിബിര്‍സ്‌കിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി (വെക്ടര്‍)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം പകര്‍ത്തിയത്.