ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു: ചുമതല ആരോഗ്യവകുപ്പില്‍

മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ ഒന്നാം പ്രതി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. ചുമതല ആരോഗ്യവകുപ്പില്‍.

പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംഭവത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ നീട്ടിയിരുന്നു. ഇത് വീണ്ടും നീട്ടാൻ നിയമപരമായി സാധിക്കില്ലെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ പത്രപ്രവർത്തക യൂണിയൻ നേതാക്കളുമായ കൂടിയാലോചിച്ച ശേഷമാണ് നിയമനം നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

2019 ഓഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ഈ  കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നൂറു സാക്ഷികളും 75 തൊണ്ടിമുതലുകളുമാണ് ഉള്ളത്. 66 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.