സംസ്ഥാനത്തെ ബിവറേജസ് മദ്യവിൽപനശാലകൾ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്കോ എംഡി ഉത്തരവിട്ടു

സംസ്ഥാനത്തെ ബിവറേജസ് കോ‍‍ർപറേഷന്റെ മദ്യവിൽപനശാലകൾ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ ഉത്തരവിട്ടു. ദേശീയതലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മദ്യവിൽപനാശാലകൾ തുറന്നാൽ മതിയെന്നാണ് എംഡി നൽകിയിരിക്കുന്ന നിർദേശം. 

നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണിൽ സ്വകാര്യ ബാറുകൾ അടച്ചു പൂട്ടിയിരുന്നുവെങ്കിലും മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നു. കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെ മദ്യവിൽപന ശാലകളിൽ ആളുകൾ തടിച്ചു കൂടുന്ന അവസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. 

എന്നാൽ മദ്യത്തെ അവശ്യവസ്തുവായാണ് കാണുന്നതെന്നും പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ​ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യവിൽപനശാലകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗം മദ്യവിൽപന സംബന്ധിച്ച നിർണായക തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Leave a Comment