സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ആർക്കൊക്കെ ലഭിക്കും.. ഈ കാര്യങ്ങൾ അറിയുക. എല്ലാവരിലേക്കും എത്തിക്കുക

കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 1000 രൂപയുടെ കിറ്റ്, കാർഡ് റജിസ്റ്റർ ചെയ്ത റേഷൻ കടയിൽനിന്നു മാത്രമേ ലഭിക്കൂ. പോർട്ടബിലിറ്റി സൗകര്യമില്ല.  അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിനാണ് ആദ്യം വിതരണം.

പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും റേഷൻ കട പ്രവർത്തിക്കും. റേഷൻ കാർഡില്ലാത്ത കുടുംബത്തിൽ ഒരു വ്യക്തിയാണെങ്കിൽ 5 കിലോഗ്രാമും 2 പേരാണെങ്കിൽ 10 കിലോഗ്രാമും അതിൽ കൂടുതലുണ്ടെങ്കിൽ 15 കിലോഗ്രാമും അരി സൗജന്യമായി നൽകും. ഇവർ ആധാർ നമ്പറും സത്യവാങ്മൂലവും നൽകണം. കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യ അരി (ഒരാൾക്ക് 5 കിലോഗ്രാം) വിതരണം 21ന് ആരംഭിക്കും.

ഉപ്പു മുതൽ ഉഴുന്നുപരിപ്പു വരെ ഉൾപ്പെടുന്ന 17 വിഭവങ്ങളുടെ കിറ്റ് റേഷൻ കടകൾ വഴിയാണു വിതരണം. റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി 87 ലക്ഷം പേർക്കു കിറ്റ് ലഭിക്കുമെങ്കിലും ആദ്യഘട്ടത്തിൽ വിതരണം എഎവൈ (മഞ്ഞ) കാർഡുടമകൾക്കു മാത്രം. 1000 രൂപയിൽ കവിയാത്ത വിലയ്ക്കുള്ള സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുക. സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാർ എന്നീ സ്ഥാപനങ്ങളിൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ട കിറ്റുകൾ തയാറാക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം നിലച്ചതോടെ ഉപ്പ്, ചെറുപയർ, കടല, കടുക്, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾക്കു ചില സപ്ലൈകോ ഔട്ട‌്‌ലെറ്റുകളിൽ ക്ഷാമമ‍ുണ്ട്. എങ്കിലും നീക്കിയിരിപ്പു കൂടുതലുള്ള സ്റ്റോറുകളിൽ നിന്നു സാധനങ്ങളെത്തിക്കും. എന്നിട്ടും 1000 രൂപയുടെ കണക്കു തികഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ഉൾപ്പെടുത്തും.

എഎവൈ (മഞ്ഞക്കാർഡ്) ഉടമകൾ – 5,92,483 (ഇന്നു പൂർത്തിയാക്കും) മുൻഗണനാ വിഭാഗം (പിങ്ക്) – 21,51,308 (21ന് അകം പൂർത്തിയാക്കും) പൊതുവിഭാഗം (നീല, വെള്ള) – 49,85,070 (30ന് അകം പൂർത്തിയാക്കും).