സ്നേഹം.. നമ്മുടെ ജീവിതത്തെ എത്ര മാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്നറിയാമോ ?

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. പക്ഷേ ഉള്ളിലുള്ള സ്നേഹം പുറത്തുപ്രകടിപ്പിക്കാതിരുന്നാൽ അതു മറ്റുള്ളവർ എങ്ങനെ അറിയാനാണ്? പ്രകടിപക്കാത്ത സ്നേഹം ഫലത്തിൽ ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. മറ്റുള്ളവരുടെ സ്നേഹം നമുക്കു ലഭിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം പുറത്തെടുത്തു കാണിച്ചേ പറ്റു. സ്നേഹം കൊണ്ടു പ്രചോദിതരായി ജീവിതത്തിൽ വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ സാമാന്യതത്വം അനുവർത്തിക്കുക തന്നെ വേണം.

സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ പൊതുവേ വിമുഖരാണ് മലയാളികൾ. സ്നേഹം പ്രകടിപ്പിക്കുന്നതു കാണാനിടയായാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയമാകാം കാരണങ്ങളിലൊന്ന്. ചിലപ്പോഴത് നമ്മുടെ പാരമ്പര്യത്തിന്റെ സ്വാധീനമോ സംസ്കാരത്തിന്റെ ഒരു ഭാഗമോ ആകാം. മറ്റേതു നാട്ടുകാരേക്കാളും കുടുംബത്തെ സ്നേഹിക്കുന്നവിരാണ് മലയാളികൾ. എങ്കിലും നമ്മൾ സ്നേഹിക്കുന്ന വ്യക്തികളോട് അവരെ സ്നേഹിക്കുന്നു എന്നു പറയാനോ സ്നേഹം പ്രകടിപ്പിക്കാനോ നമുക്ക് പലപ്പോഴും കഴിയാറില്ല.

മാതാപിതാക്കൾക്ക് മക്കളോട് ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അത് ഏതെങ്കിലും രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. മക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭാര്യയോട് ഉള്ളഴിഞ്ഞ് സ്നേഹമുണ്ടായിരിക്കുമെങ്കിലും മിക്ക ഭർത്താക്കന്മാരും അത് ഒളിച്ചുവെയ്ക്കുന്നവരാണ്. സ്നേഹം പ്രകടിപ്പിക്കുന്നത് എന്തോ ഒരു കുറവായി ചിലർ കാണുന്നു. അതുപോലെ ഭർത്താവിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നുണ്ടാവാമെങ്കിലും അതു പുറത്തുകാണിക്കാതെ ഓരോന്നു പറഞ്ഞു ശല്യം ചെയ്യാനാണ് ചില ഭാര്യമാർ തുനിയുന്നത്.

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന തോമസ്കാർലൈൽ മാനുഷികമായ രീതിയിൽ പെരുമാറുന്നതിൽ പിന്നാക്കമായിരുന്നു. ഭാര്യ ജയിനിനോടുപോലും സാധാരണരീതിയിൽ സ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ജയിൻ അപ്രതീക്ഷിതമായി മരിച്ചപ്പോൾ കാർലൈലിന്റെ ഹൃദയം പശ്ചാത്താപം കൊണ്ടു നിറഞ്ഞു. സ്നേഹമയിയായ ഭാര്യയോട് എത്ര പരുഷമായാണ് താൻ പെരുമാറിയതെന്നാർത്ത് അദ്ദേഹം ദുഖിച്ചു. കുറെനാൾ മനസ്മാധാനത്തോടെ ഒന്നുറങ്ങാൻ പോലും അദ്ദേഹത്തിനു സാധിച്ചില്ല. തന്റെ സ്നേഹം ഭാര്യയെ അറിയിക്കാൻ കഴിഞ്ഞില്ലല്ലോഎന്നോർത്ത് അദ്ദേഹം പലപ്പോഴും വിലപിക്കുമായിരുന്നു.

എല്ലാ ജീവിതത്തെയും ഒരുമിപ്പിച്ചു നിർത്തുകയും പരിപ്പിക്കുകയും നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് സ്നേഹമാണ്. ലോകത്തിന്റെ നിലനിൽപ്പു തന്നെ സ്നേഹത്തെ ആശ്രയിച്ചാണ്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അയൽക്കാരുടെയും സ്നേഹം സമ്പാദിച്ചേ പറ്റു. വിവിധ തരക്കാരും സ്വഭാവക്കാരുമാണ് മനുഷ്യരെങ്കിലും എല്ലാവരിലും കുടികൊള്ളുന്ന യാഥാർഥ്യമാണ് സ്നേഹം. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക – ഒരു നാണയത്തിന്റെ ഇരുവശങ്ങളാണിത്. സ്നേഹം കൂടാതെ നമുക്കു സന്തോഷത്തോടെയും മന്സമാധാനത്തോടെയും ജീവിക്കാൻ കഴിയില്ല. ഇത്തരമൊരവസ്ഥയിൽ ജീവിക്കാനുള്ള ആശ നശിക്കുകയും ജീവിതത്തിൽനിന്നും ശക്തി ചോർന്നു പോവുകയും ചെയ്യും.

നമ്മുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സ്നേഹം അത്യാവശ്യമാണ്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നമ്മൾ ധന്യരായിത്തീരുന്നത്. ജീവിതത്തിന് അർഥം നൽകുന്നത് സ്നേഹമാണ്. ലോകത്ത് നാം ആദരിക്കണതായി രണ്ടു കാര്യങ്ങൾ മാത്രമേയുള്ളു. ഒന്ന് ജ്ഞാനം, മറ്റൊന്ന് സ്നേഹം. മഹാത്മാക്കളെ മനുഷ്യസേവനത്തിനു പ്രേരിപ്പിക്കുന്ന ഒരുപ്രധാന ഘടകം സ്നേഹമാണ്. ഫാദർ ഡാമിയനും മദർതെരേസയും ഫ്ളോറൻസ് നെറ്റിംഗേലുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കു,” എന്നു നമ്മെ പഠിപ്പിച്ച യേശുക്രിസ്തുവാണ് ഇക്കാര്യത്തിൽ എന്നത്തെയും മാതൃക.

സ്നേഹത്തിന്റെ സൂര്യപ്രകാശത്തിലേ കുട്ടികൾ വളരുകയുള്ളൂ. “എല്ലാ മൂന്നു മണിക്കൂറിലും ഈ ശിശുവിനു സ്നേഹം കൊടുക്കുക, എന്നാണ് ഒരു പ്രശസ്ത ശിശുരോഗ വിദഗ്ധൻ ആദ്യം കുറിച്ച ചികിത്സാവിധി. സ്നേഹം ലഭിക്കാതെ വളരുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ വിജയപ്രദമായ ഒരു ജീവിതം കൈവരിക്കാനാവില്ല. അവരുടെ ജീവിതവീക്ഷണം വികലവുംവ്യക്തിത്വം മുരടിച്ചതും ആയിരിക്കും. സ്നേഹം എല്ലാ മാനുഷികബന്ധങ്ങളെയും വിമലീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നു. ശ്രീബുദ്ധൻ പറഞ്ഞപോലെ, “ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല; സ്നേഹം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നുള്ളൂ.