ഹൃദയത്തിലെ സുഷിരം ശസ്ത്രക്രിയ കൂടാതെതന്നെ അടയ്ക്കാം.. നേട്ടവുമായി ശ്രീചിത്ര. ഈ പുതിയ നേട്ടം ഇനി ഏറെ പേർക്ക് ഗുണകരമാകും..

ഹൃദയത്തിന്റെ മേലറകളെ വേർതിരിക്കുന്ന ഭിത്തിയിൽ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതുസ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ച് ശ്രീചിത്രയിലെ ഗവേഷകർ. ‘ചിത്ര എ.എസ്.ഡി. ഒക്ലൂഡർ’ എന്നാണ് ഉപകരണത്തിന്റെ പേര്. നിറ്റിനോൾ കമ്പികളും നോൺവോവൺ പോളിസ്റ്ററും ഉപയോഗിച്ച് നിർമിച്ച ഉപകരണത്തിന്റെ രൂപകല്പനയുടെ ഇന്ത്യൻ പേറ്റന്റിന് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി അപേക്ഷ നൽകി. ഉപകരണം സ്ഥാപിക്കാൻ നിർമിച്ച സംവിധാനത്തിന്റെ പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്.

ടെക്‌നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് എന്ന പ്രോജക്ടിലൂടെയാണ് ഒക്ലൂഡർ വികസിപ്പിച്ചത്. ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തുണിയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. നിറ്റിനോൾ വയറുകൾ പ്രത്യേക രീതിയിൽ ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിർമിച്ചത്. നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാൽ കത്തീറ്റർ വഴി ഹൃദയത്തിൽ എത്തിച്ച് സുഷിരത്തിൽ സ്ഥാപിക്കാം. കത്തീറ്ററിൽനിന്ന് പുറത്തെത്തിയാൽ നിറ്റിനോൾ ചട്ടക്കൂട് വികസിച്ച് ഉള്ളിൽ സ്ഥാപിച്ച തുണി രക്തം ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളിൽ ആവരണം രൂപപ്പെട്ട് സുഷിരം അടയും. കാലക്രമേണ തുണിയുടെ ഉപരിതലത്തിൽ കൂടുതൽ കോശങ്ങൾ വളരും.

ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേലറയുടെ മുകൾഭാഗത്തുണ്ടാകുന്ന ഉരസൽകൊണ്ടുള്ള ചതവ് എന്നിവയാണ് ഉപകരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങൾ. ഡോ. സുജേഷ് ശ്രീധരൻ (സയന്റിസ്റ്റ്, എഫ് ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റേണൽ ഓർഗൻസ്, ബി.എം.ടി. വിങ്), കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. എസ്. ബിജുലാൽ, ഡോ. കെ.എം. കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്.

ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ഹൃദയത്തിലെ സുഷിരങ്ങൾ ചികിത്സിക്കുന്നത്. ഇത്തരം ഉപകരണത്തിന് ഏകദേശം 60,000 രൂപയാണ് വില. ചിത്ര എ.എസ്.ഡി. ഒക്ലൂഡർ വിപണിയിൽ എത്തുന്നതോടെ ഇവയുടെ വില കുറയും. ഒക്ലൂഡർ ഉപകരണ നിർമാതക്കൾക്ക് കൈമാറും. അവരുമായി ചേർന്ന് മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിക്കും. ഇതിന്റെ ഫലം അനുസരിച്ചും അനുമതി ലഭ്യമാകുന്നതിന്റെയും അടിസ്ഥാനത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച് വിപണിയിലെത്തിക്കും.