2020 ലെ വിഷുഫലത്തെക്കുറിച്ച് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കൊറോണ വൈറസ് എന്ന വ്യാധിയാണ് നമ്മുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. പ്രകൃതിയില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവനേയും ജീവിതത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. എങ്കിലും ഇനി വരും വര്‍ഷമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ഓരോ നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷത്തെ വിഷുഫലം എന്താണ് എന്ന് നമുക്ക് നോക്കാം.

2020 ലെ വിഷുഫലത്തെക്കുറിച്ച് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു. 2020 ഏപ്രില്‍ 14 മുതലുളള ഒരുവര്‍ഷത്തെ ഫലമാണിവിടെ പറയുന്നത്.

മേടം: (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക)
വര്‍ഷത്തിന്‍റെ ആദ്യ പകുതി ദൈവാധീന കുറവു കാരണം ധന നഷ്ടം, ജോലിയില്‍ കഷ്ടത, അലച്ചില്‍, മനോദുഃഖം ഇവ അനുഭവപ്പെട്ടേക്കാം. അടുത്ത പകുതിയില്‍ ജോലിയില്‍ സ്ഥാന ലബ്ധി, ധന ലാഭം, അംഗീകാരം ഇവ ലഭിച്ചേക്കാം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം.

എടവം: (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)
ആരോഗ്യപരമായ വ്യാകുലതകള്‍ ഉണ്ടെങ്കിലും വര്‍ഷത്തിന്‍റെ ആദ്യ പകുതി ഗുണദായകമാണ്. ജോലിയില്‍ അഭിവൃദ്ധി, ധന ലാഭം, വിദ്യയുമായ് ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ ഇവയ്ക്ക് അനുകൂലം. സെപ്റ്റംബറിനു ശേഷം കാലം പ്രതികൂലം.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)
വര്‍ഷത്തിന്റെ ആദ്യ പകുതി അത്രയ്ക്ക് അനുകൂലമല്ല. വൃഥ സഞ്ചാരം, ബന്ധുക്ലേശം, മനസുഖകുറവ് ഇവയ്ക്ക് സാധ്യത. രണ്ടാം പകുതിയില്‍ ധനലാഭം, ജോലിയില്‍ സ്ഥാന കയറ്റം, കിട്ടാകടങ്ങള്‍ തിരികെ ലഭിക്കുക മുതലായവ ഉണ്ടായേക്കാം.

കര്‍ക്കടകം: (പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)
കുറച്ച്കാലമായി അനുഭവിക്കുന്ന ദാരിദ്ര്യത്തിനു സെപ്തംബറിനു ശേഷം ശമനം ഉണ്ടാകും. ശത്രുകള്‍ നിഷ്പ്രഭരായി പോകും. ബന്ധുക്കളുടെ ഭാഗത്തു നിന്ന് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. ശസ്ത്രക്രിയ ആവശ്യമുള്ള അസുഖങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)
തികച്ചും അനുകൂലമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. സെപ്റ്റംബറിനു മുന്പായി പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലം. വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ സാമ്പത്തികമായ് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. കര്‍മ്മരംഗത്ത് തിരിച്ചടികള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

കന്നി : (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)
താരതമ്യേന നല്ല ഒരു വര്‍ഷമാണ്‌ വരുവാന്‍ പോകുന്നത്. ധനപരമായ കഷ്ടതകള്‍ ഉണ്ടാകുമെങ്കിലും അവയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങിയാല്‍ അത്ഭുതപെടുവാനില്ല. ജോലിയില്‍ പുതിയ മേഖലകള്‍ കണ്ടെത്തി വിജയിപ്പിക്കുവാന്‍ പരിശ്രമിക്കും.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)
സാമ്പത്തിക പ്രതികൂലതയ്ക്ക് രണ്ടാം പകുതിയില്‍ കുറച്ചു ശമനം ഉണ്ടാകും. സെപ്തംബര്‍ മാസം വരെ ജോലി മാറ്റത്തിനെ കുറിച്ച് ചിന്തിക്കരുത്. നിക്ഷേപങ്ങള്‍ ഒരുവേള നഷ്ടത്തിലേയ്ക്ക് നയിച്ചേക്കാം. ഏറ്റെടുത്ത കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ അത്യദ്ധ്വാനം വേണ്ടി വന്നേക്കാം.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)
ഗുണ ദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ്‌ വരുവാന്‍ പോകുന്നത്. ആദ്യ പകുതി തികച്ചും ഉത്കൃഷ്ടമാണ്. പക്ഷെ രണ്ടാം പകുതിയില്‍ ചെലവ് കുടുവാനും സാമ്പത്തിക ഞെരുക്കത്തിനും സാധ്യത കാണുന്നു. ഭവന നിര്‍മ്മാണം നടത്തുന്നവര്‍ക്ക്‌ പൂര്‍ത്തിയാക്കുവാന്‍ വിഷമത നേരിട്ടേക്കാം.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)
കര്‍മ്മപരമായ മേഖലയില്‍ അനുഭവപ്പെടുന്ന കഷ്ടപ്പാടുകള്‍ക്ക് രണ്ടാം പകുതിയില്‍ മാറ്റമുണ്ടാകും. ധന ലാഭം, അംഗീകാരം ഇവയ്ക്ക് സാധ്യതയുണ്ട്. ഗൃഹ നിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ തുറന്നു കിട്ടും. സെപ്റ്റംബറിനു ശേഷം ജോലി മാറുവാനോ ഉദ്യോഗ കയറ്റത്തിനോ സാഹചര്യങ്ങള്‍ വന്നേക്കാം.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)
തികച്ചും അനുകൂലമായ ഒരു വര്‍ഷമാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്. സെപ്തംബര്‍ വരെ ഒരു മാറ്റത്തിനു അനുകൂലമാണ്. പുതിയ മേഖലകള്‍ തുറന്നു കിട്ടിയാല്‍ അത്ഭുതപ്പെടുവാനില്ല. ശ്രദ്ധയോടെ ഓരോ നീക്കവും നടത്തുക. സെപ്തംബറിനു ശേഷം കര്‍മ്മ രംഗത്തും സാമ്പത്തിക കാര്യങ്ങളിലും അതീവ ശ്രദ്ധ അനിവാര്യമാണ്.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക)
വര്‍ഷത്തിന്‍റെ ആദ്യഭാഗം അനുകൂലമല്ലെങ്കിലും രണ്ടാം പകുതി ശോഭനമാണ്. പുതിയ തൊഴില്‍ മേഖല കണ്ടെത്തുവാന്‍ ശ്രമിക്കും. കാറും കോളും നിറഞ്ഞ അന്തരീക്ഷം മാറി സമാധാനം കൈവരും. നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിക്കുകയും, ശത്രുകള്‍ നിഷ്പ്രഭരാവുകായും ചെയ്യും.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
ഗുണ ദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ്‌ വരുവാന്‍ പോകുന്നത്. സാമ്പത്തിക രംഗത്ത് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. അനാവശ്യമായി മനസ്സ് വ്യാകുലപ്പെടുവാന്‍ സാധ്യതയുണ്ട്. സെപ്റ്റംബറിനു ശേഷം ജോലി മാറുവാന്‍ ശ്രമിക്കരുത്.

Leave a Comment