40 വര്‍ഷം മുന്‍പ് കൊറോണയെക്കുറിച്ച് എഴുതിയ നോവല്‍ ! ഇങ്ങനെയൊരു വൈറസ് ഉണ്ടാകുമെന്നും പ്രവചനം! അമ്പരപ്പോടെ ഉറ്റുനോക്കി ലോകം !

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട് നിലവില്‍ 1700 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് (കോവിഡ് 19) പ്രവചിച്ച് നാല്‍പതു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ നോവല്‍. 

ഡീന്‍ കൂന്‍ട്‌സ് രചിച്ച് 1981 ല്‍ പുറത്തിറങ്ങിയ ‘ദ ഐസ് ഓഫ് ഡാര്‍ക്ക്‌നെസ്സ്’ എന്ന ബെസ്റ്റ് സെല്ലര്‍ നോവലിലാണ് വൂഹാന്‍ 400 എന്ന വൈറസിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 

നോവലിലെ 39 ാം അധ്യായത്തിലാണ് വുഹാനിലെ മിലിട്ടറി പരീക്ഷണശാലയെക്കുറിച്ചും അവിടെ ജൈവായുധമായി നിര്‍മ്മിച്ച വുഹാന്‍ 400 എന്ന വൈറസിനെക്കുറിച്ചും പരാമര്‍ശിക്കുന്നത്. 

ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ വൈറലാണ് ഈ ട്വീറ്റുകള്‍. 

വുഹാന്‍ 400 എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈന വികസിപ്പിച്ച ജൈവായുധമാണോ കൊറോണ വൈറസ് എന്നും വിദഗ്ധര്‍ വായിക്കണമെന്നും തിവാരി ട്വീറ്റില്‍ പറയുന്നു. നോവലില്‍ വൈറസിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും ട്വീറ്റില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. 

‘അവര്‍ ഇതിനെ വുഹാന്‍ 400 എന്നാണ് വിളിക്കുന്നത്. കാരണം ഇത് വികസിപ്പിച്ചെടുത്തത് വുഹാന്‍ നഗരത്തിന് പുറത്തുള്ള ആര്‍.ഡി.എന്‍.എ. ലാബിലാണ്. ഈ സെന്ററില്‍ രൂപം നല്‍കിയ നാനൂറാമത് മനുഷ്യ നിര്‍മ്മിത സ്‌ട്രെയിനാണ് ഈ സൂഷ്മജീവി’എന്നാണ് വൈറസിനെക്കുറിച്ച് നോവലില്‍ പരാമര്‍ശിക്കുന്നത്‌. 

വൈറസിനെ ‘പെര്‍ഫെക്ട് വെപ്പണ്‍’ എന്നാണ് നോവലില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനെ മാത്രം ബാധിക്കുന്നതും മനുഷ്യ ശരീരത്തിന് പുറത്ത് ഒരു മിനിറ്റിലേറെ ജീവനോടെ കഴിയാന്‍ സാധിക്കുന്നതുമാണ് വൈറസ് എന്നതാണ് ഇതിന് കാരണമായി നോവലില്‍ പറയുന്നത്. 

ചൈനയില്‍ വൈറസുകളെ കുറിച്ച് പഠിക്കുന്ന ഏക ലെവല്‍ 4 ബയോസേഫ്റ്റി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയുടെ 32 കിലോമീറ്റര്‍ അടുത്താണ് ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രം. ഹൈ സെക്യൂരിറ്റി ലാബിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് 2017 ല്‍ നാച്ച്വര്‍ ജേണലില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

ഇപ്പോള്‍ ലോകത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം മനുഷ്യനിര്‍മ്മിത ദുരന്തമാണോയെന്നും വുഹാന്‍ വൈറോളജി ലാബില്‍ നിന്നും പുറത്തെത്തിയ വൈറസാണോ ഇതിനു കാരണമെന്നും സംശയമുയരുന്നുണ്ട്. 

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനാണ് ഡീന്‍ കൂന്‍ട്‌സ്. സയന്‍സും ഫിക്ഷനും ഹൊററും ഫാന്റസിയും ഉള്‍പ്പെടുന്ന സസ്‌പെന്‍സ് ത്രില്ലര്‍ നോവലുകളാണ് കൂന്‍ട്‌സിന്റേത്. അദ്ദേഹത്തിന്റെ പല നോവലുകളും ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്ളതാണ്. 1945 ജൂലായ് 9 ന് യു.എസിലെ പെനിസില്‍വാനിയയിലാണ് കൂന്‍ട്‌സിന്റെ ജനനം. 105 ല്‍ പരം നോവലുകളും നിരവധി നോവെല്ലകളും ചെറുകഥാ സമാഹാരങ്ങളും കൂന്‍ട്‌സിന്റേതായിട്ടുണ്ട്.

Leave a Comment